Tuesday, October 13, 2009

ഒരു വിനോദ യാത്രയുടെ ഓര്‍മ്മ

കോളേജിലെ അഞ്ച് വര്ഷങ്ങളില്‍ എല്ലാ വര്ഷവും  ടൂര്‍ എന്നു വിളിക്കുന്ന ലൈസന്സ്ഡ് അഴിഞ്ഞാടലിനു പോയിട്ടുണ്ടെങ്കിലും മനസ്സില്‍ ഏറ്റവും മധുരതരമായ ഓര്മ്മകളുള്ള ടൂര്‍ മൂന്നാം വര്ഷം കാട്ടുപോത്തിന്റെ പ്രക്രുതവും മാടപ്രാവിന്റെ ഹ്രുദയവുമുള്ള കോളെജ് ഷെവാസ്നെഗര്‍ ഹരിയുടെ നേത്രുത്വത്തില്‍ നടന്നതായിരുന്നു എന്ന കാര്യത്തില്‍ എതിരഭിപ്രായം ഉണ്ടാകുമെന്നു തോന്നുന്നില്ല. മൂന്നാര്‍ കറങ്ങി മറയൂര്‍ വഴി കൊഡൈക്കനാലില്‍ എത്തിയ ആ യാത്ര സംഘാടന മികവു കൊണ്ടും ബഹുജന പങ്കാളിത്തം കൊണ്ടും വന്‍ വിജയമായിരുന്നു.

ഷൈന്റെ പ്രിയപ്പെട്ട ചേട്ടന്റെ ആഥിത്യത്തില്‍ മറയൂരില്‍ തങ്ങിയ രാത്രിയും ക്യാമ്പ് ഫയറും. അശുപത്രി ക്വാര്‍ട്ടേഴ്സില്‍ മത്തി അടുക്കിയ പോലെ പായ വിരിച്ചു കിടന്നുറങ്ങിയതും മരം കോച്ചുന്ന തണുപ്പില്‍ പുതയ്ക്കാനായി സ്വന്തം ഉടുമുണ്ട് പോലും കിട്ടാതെ പാവം കാച്ചു പാതിരാത്രിയില്‍ എഴുന്നേറ്റ് നിലവിളിച്ചതുമൊക്കെ എങ്ങിനെ മറക്കും. അന്നവിടെ നിന്നും കിട്ടിയ ചന്ദന മുട്ടിയുടെ ഒരു കുഞ്ഞിക്കഷണം ഇപ്പോഴും വീട്ടില്‍ എന്റെ അലമാരയില്‍ ഭദ്രമായിരിപ്പുണ്ട്. ഓര്മ്മകളുടെ ചന്ദന സുഗന്ധവുമായി.

 കൊഡൈക്കനാലിലെ ഗസ്റ്റ് ഹൌസിനു മുമ്പില്‍ രാവേറെ ചെല്ലും വരെ പാട്ടും കൂത്തുമായി കഴിഞ്ഞ രാത്രി പിറ്റേന്ന്  കൊഡൈക്കനാല്‍ തടാകക്കരയിലൂടെ സൈക്കിളില്‍  സംഘമായി വട്ടം ചുറ്റിയതും  സൈക്കിളിന്റെ മുമ്പില്‍ പെണ്‍കുട്ടികളെ  കയറ്റി തന്റേടവും ഗ്ലാമറുമുള്ള ക്ലാസ് ചുള്ളന്മാര്‍  യുഗ്മഗാനം പാടിപ്പോയപ്പോള്‍ "ഏകാന്ത പധികന്‍ ഞാന്‍" എന്ന ശോക ഗാനവും പാടി പുറകെ പോയതും മറന്നിട്ടില്ല. മുരളിയുടെ സൈക്കിള്‍ കഥയും അന്നാണുണ്ടായത്.

അതി സാഹസികനായ ഹരിയുടെ നിര്‍ബന്ധത്തിനു വഴങ്ങി തുഴയുന്ന ബോട്ടില്‍ കയറി തടാകത്തിനു നടുക്കെത്തി തിരിച്ചു തുഴയാനാവാതെ വട്ടം ചുറ്റിയതിന്റെ പേടി ഇപ്പോഴും വെള്ളം കാണുമ്പോഴുണ്ട്. മൂന്നു ദിവസത്തെ ടൂറിനു ശേഷവും മതിയാകാതെ ഒരു ദിവസം കൂടി പരിപാടി തുടര്ന്നാലോ എന്നു പോലും ഗൌരവകരമായ ആലോചന നടത്തിയിരുന്നു.

ക്ലാസ്സിലെ പല പെണ്‍കുട്ടികളോടും ഞാന്‍ ആദ്യമായി സംസാരിച്ചതും ആ ദിവസങ്ങളിലാണ്. മൂന്നാറില്‍ നിന്നും കൊഡൈക്കനാലിലേക്കുള്ള ചുരം കയറുമ്പോള്‍ ബസ്സിന്റെ സൈഡ് സീറ്റില്‍ ഏകനായിരുന്ന എന്റെ അടുത്ത് നമ്മുടെ ക്ലാസ്സിലെ ഏറ്റവും സുന്ദരി എന്നു ഞാന്‍ കരുതുന്ന പെണ്‍കുട്ടി വന്നിരുന്നതും മറന്നിട്ടില്ല. പൊതുവെ അന്തര്‍ മുഖനായിരുന്ന ഞാന്‍ കൂടുതല്‍ ചമ്മുകയും അവളെ നോക്കി ഒരു വളിച്ച ചിരി ചിരിക്കുകയും ചെയ്തു. കുറെ നേരം കഴിഞ്ഞിട്ടും ഒന്നും മിണ്ടാതെ മസ്സില്‍ പിടിച്ചിരിക്കുന്ന എന്നോട് രഞ്ജിത് (സത്യമായിട്ടും അങ്ങിനെയാണ് വിളിച്ചത്) സമയമെന്തായി എന്നവള്‍ ചോദിച്ചു.  ക്രുത്യ സമയം  പറഞ്ഞ് വീണ്ടും ഞാന്‍ മസ്സിലു പിടുത്തം തുടര്ന്നു. കുറെ നേരം കഴിഞ്ഞ് അവള്‍ മറ്റൊരു സീറ്റിലേക്കും പോയി.

അങ്ങിനെ മനസ്സില്‍ എന്നും സുഖകരമായ ഓര്മ്മകളുണര്ത്തുന്ന ഒരു വിനോദ യാത്ര. അത് സംഘടിപ്പിച്ച ഹരിക്ക് നൂറു നന്ദി.
രഞ്ജിത് വിശ്വം

2 comments:

ADVOCATE said...

Really it was a hit..I remember the Beautiful Dotor ( She was in Blue jeans and stripped T shirt ) who teased me for not wearing a sweater in Moonar...I slept well while all of you were roaming around...Kuthirayude oru gamaye...kottabhagyathinu jnanengan third year election win cheythengil...angane oru tour ormyilundavillayirunnu...thanks friends for making me the looser..

orma said...

Shine said :
Ranjith, that was a perfectly planned one. Really that class tour was the basis for a class -mate bond between the otherwise scattered community. Real interaction between the classmates started only after this. different grups came under one umbrella and seems that lasted till the end of our college life