Saturday, October 17, 2009

ഒരു ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓര്മ്മ

കോളെജിലെ ഒരു സാധാരണ ദിവസമായിരുന്നു അത്. സമയം ഉച്ച കഴിഞ്ഞ് രണ്ട് മണിയോടടുക്കുന്നു.. ഉച്ചയൂണിന്റെ ആലസ്യത്തില്‍ ക്യാമ്പസ് മയങ്ങിക്കിടക്കുന്നു. ഉച്ചയ്ക്കു ശേഷമുള്ള ക്ലാസ്സുകള്‍ ആരംഭിക്കാനിരിക്കുന്നതേ ഉള്ളൂ.

മൂന്നു വര്ഷ എല്‍ എല്‍ ബി ഒന്നാം വര്ഷ വിദ്യാര്ത്ഥികളുടെ ക്ലാസ്സില്‍ നിശബ്ദത തളം കെട്ടി നിന്നു. പുതിയ ബാച്ചാണല്ലോ. എല്ലാവരും തുടക്കത്തിന്റെ പകപ്പില്‍ ആണ്. പുതിയതായി വന്ന പെണ്‍കുട്ടികളെ വളയ്ക്കാന്‍ ജൂനിയര്‍ ക്ലാസ്സില്‍ തമ്പടിച്ചിരുന്ന ആസ്ഥാന പൂവലന്മാര്‍ സ്വന്തം ക്ലാസുകളിലേക്ക് നീങ്ങി. കോളെജ് ഇടനാഴികളിലെ ആള്ത്തിരക്ക് കുറഞ്ഞു. പതിവിനു വ്പരീതമായി എങ്ങും നിശബ്ദത തളം കെട്ടി നിന്നു.

എങ്ങും നിറഞ്ഞു നിന്ന ആലസ്യത്തിനെയും നിശബ്ദതയെയേയും കീറി മുറിച്ചു കൊണ്ട് പെട്ടെന്നാണ് ആ അലര്‍ച്ച മുഴങ്ങിയത്........... അറ്റാക്ക്........

ഒന്നാം വര്ഷ ക്ലാസിലെ കുട്ടികള്‍ ഞെട്ടിത്തരിച്ചു. ക്ലാസ്സിന്റെ നാലു ചുറ്റുമുള്ള വാതിലുകളിലൂടെയും ജനലുകളിലൂടെയും മുഖം മൂടിയിട്ട ആയുധധാരികളായ ഭീകരര്‍ ക്ലാസ്സിലേക്ക് ചാടിക്കയറി.കുട്ടികള്‍ പേടിയോടെ ഇരിപ്പിടങ്ങളില്‍ നിന്നും എഴുന്നേറ്റ് വാതിലിന്നരികിലേക്ക് നീങ്ങി.

അരും ഇരിപ്പിടത്തില്‍ നിന്നും എഴുന്നേല്ക്കരുത്. ഞങ്ങള്‍ ഈ ക്ലാസ് ഹൈ ജാക്ക് ചെയ്തിരിക്കുന്നു. മുഖം മൂടി ധരിച്ച ഭീകരവാദികളുടെ സംഘത്തലവന്റെ ശബ്ദം ക്ലാസില്‍ മുഴങ്ങി. കുട്ടികള്‍ പേടിയൊടെ ഇരിപ്പിടങ്ങളിലേക്ക് മടങ്ങി.

ഭീകരര്‍  പതിനഞ്ചോളം പേരുണ്ടായിരുന്നു. വിവിധ രൂപങ്ങളിലുള്ളവര്‍. വിവിധ വേഷവിധാനങ്ങളോട് കൂടിയവര്‍. എല്ലാവരും മുഖം മറച്ചിരുന്നു. കൈയ്യില്‍ വിവിധങ്ങളായ മാരകായുധങ്ങള്‍. എന്തിനും തയ്യാറായാണ് അവരെത്തിയിരിക്കുന്നതെന്ന് അവരുടെ സംഭാഷണങ്ങളില്‍ നിന്നും ശരീര ഭാഷയില്‍ നിന്നും വ്യക്തമായിരുന്നു.

സംഘത്തലവന്‍ ക്ലാസ്സിലെ സ്റ്റേജിലേക്ക് കയറി.. ഇനി മുതല്‍ ഈ ക്ലാസ് തങ്ങളുടെ അധീനതയില്‍ ആണെന്നും ഒറ്റ കുട്ടി പോലും തങ്ങളുടെ നിര്‍ദ്ദേശം അനുസരിക്കാതിരിക്കരുതെന്നും അങ്ങിനെ ചെയ്താല്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും മുന്നറിയിപ്പ് നല്കി.

മുഴുവന്‍ വിദ്യാര്ത്ഥികളോടും എഴുന്നേറ്റു നില്ക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. ഇനിയുള്ള കാലം ഭീകരരുടെ വാക്കനുസരിച്ച് ജീവിച്ചു കൊള്ളാമെന്ന് എഴുതിത്തയ്യാറാക്കിയ ഒരു പ്രതിജ്ഞ അവിടെ വായിക്കപ്പെട്ടു. കുട്ടികള്‍ ഭീതിയോടെ അത് ഏറ്റു ചൊല്ലി. ശബ്ദമുയര്ത്തിച്ചൊല്ലാത്തവരെ സംഘാംഗങ്ങള്‍ ഭീഷണിപ്പെടുത്തി. എങ്ങും ഭീതി നിറഞ്ഞ അന്തരീക്ഷം. എന്തുംസംഭവിക്കാവുന്ന പ്രതീതി.

സംഘത്തില്‍ നിന്നൊരാള്‍ മെല്ലെ നടന്ന് സ്റ്റേജിലേക്ക് കയറി. വെളുത്ത് കുറിയ ഒരാള്‍. സ്റ്റേജിലെ എത്തിയ അദ്ദേഹം സ്വന്തം മുഖം മൂടി അഴിച്ചു മാറ്റി എന്നിട്ട് പോക്കറ്റില്‍ നിന്ന്‍ ഒരു ബീഡിയെടുത്ത് കത്തിച്ചു..  ഞാന്‍ ലതീഷ്.. ഖനഗാംഭീര്യം തുളുമ്പുന്ന ശബ്ദത്തില്‍ അയാള്‍ പറഞ്ഞു.

പെട്ടെന്നയാളുടെ ഭാവം മാറി. കഴുത്തിലേയും മുഖത്തേയും ഞരമ്പുകള്‍ വരിഞ്ഞു മുറുകി. സ്റ്റേജില്‍ നിന്ന് അദ്ദേഹം ഉറക്കെ പാടീ..

ശ്രീ ഗണപതിയുടെ തിരുനാമക്കുറി തുയിലുണര്‍.. തുയിലുണര്‍..

ആ ശബ്ദഗാംഭീര്യത്തില്‍.. പാട്ടിന്റെ മധുരിമയില്‍.. തടവിലാക്കപ്പെട്ടവരുടെ പരിഭ്രാന്തി താനെ അലിഞ്ഞില്ലാതായി.കവിത ചൊല്ലിത്തീര്ന്നപ്പോഴേക്കും എല്ലാവരും സാധാരണ നിലയിലേക്ക് തിരിച്ചു വന്നിരുന്നു.

ഭീകരര്‍ മുഖം മൂടികള്‍ മാറ്റി.. അവരില്‍ പലരേയും കോളെജില്‍ കണ്ടു പരിചയമുണ്ടല്ലോ എന്നു കുട്ടികള്‍ അല്ഭുതത്തോടെ ഓര്ത്തു.. തങ്ങളുടെ സീനിയേഴ്സ്.. അഡ്മിഷനു വന്നപ്പോള്‍ രക്ഷിതാക്കളുടെ കൈയ്യില്‍ നിന്നും ക്രിക്കറ്റ് ക്ലബ്ബിന്റെയും ഫൂട്ബോള്‍ ക്ലബ്ബിന്റെയും പേരില്‍ പിരിവ് നടത്തിയവര്‍ .. അവരാണിവര്‍ . 

കുട്ടികളുടെ ഭീതി മാറി വന്നു.. ക്ലാസ് സാധാരണ നിലയിലേക്ക് തിരിച്ചു വന്നു.. പെട്ടെന്നാണ് വാതില്ക്കല്‍ നിന്നും ഒരു അലര്‍ച്ച മുഴങ്ങിയത്..

വാട്ട് ഈസ് ദിസ് നോണ്‍ സെന്സ്..

എല്ലാവരും ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി..

കത്തി വേഷത്തില്‍ തുള്ളിയമര്ന്നു നില്ക്കുന്നു ഏവരുടേയും പേടി സ്വപ്നമായ പ്രിനിസിപ്പാള്‍ സുബ്രമണ്യം പിള്ള..

ഭീകരര്‍ ഞെട്ടി.. ഓടിക്കോ എന്ന ശബ്ദം മുഴങ്ങി.. ഭീകരര്‍ നാലു വഴിക്കും ചിതറിയോടി..

അക്രമം അവസാനിപ്പിക്കാന്‍ സാധിച്ചെങ്കിലും ഒരു ഭീകരനെപ്പോലും ജീവനോടെ പിടിക്കാന്‍ പ്രിന്സിക്കായില്ല..

പരിഭ്രാന്തനായ അദ്ദേഹം ഒന്നാം വര്ഷക്ലാസ്സിന് അന്നത്തേക്ക് അവധി പ്രഖ്യാപിച്ചു..

കുഞ്ഞാടുകള്‍ ... കോളെജിനു പുറത്തേക്കുള്ള വഴി വക്കില്‍ തങ്ങളെ കാത്തു നില്ക്കുന്ന ചെന്നായ്ക്കളെ ഭയന്ന് കൂട്ടമായി പാലായനം ചെയ്തു..

അങ്ങിനെ നമ്മുടെ ക്ലാസ്സില്‍ ഹൈജാക്കേഴ്സ് എന്നറിയപ്പെടുന്ന പ്രബല വിഭാഗം ഉദയം ചെയ്തു. തുടക്കം അത്യധികം ഗംഭീരമായിരുന്നതിനാല്‍ അവരുടെ സംഘം നാള്‍ക്കുനാള്‍ വളര്ന്നു. എന്നാല്‍ അതൊന്നും മറ്റൊരു പ്രമുഖ വിഭാഗമായ കലിപ്പേഴ്സിനെ ബാധിച്ചതേയില്ല. ഹൈജാക്കേഴ്സിന്റെ അപ്രതീക്ഷിത നീക്കം കണ്ട് ആദ്യം അല്പമൊന്നു പതറിയെങ്കിലും അവരും ശക്തമായി തിരിച്ചു വന്നു..

1 comment:

ajeen said...

gud one. latheesh nd his sense of humour. where he is now any idea